മട്ടന്നൂർ: വർഷങ്ങളായി സിപിഎം ഭരിക്കുന്ന മട്ടന്നൂരിൽ വികസന മുരടിപ്പാണെന്നും പിആർ പ്രചാരണത്തിലൂടെ ചില നേട്ടങ്ങൾ ഉയർത്തിക്കാണിക്കുകയാണെന്നും കെപിസിസി അംഗം ടി.ഒ. മോഹനൻ പറഞ്ഞു. യുഡിഎഫ് മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മട്ടന്നൂരിൽ അടിസ്ഥാന സൗകര്യ വികസനം നടത്താത്തതിനെതിരെയും പ്രാദേശിക റോഡുകളുടെ ശോച്യാവസ്ഥക്കെതിരെയും ചെക്യോട്ട് വയൽ മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെതിരെയുമാണ് യുഡിഎഫ് ധർണ നടത്തിയത്.
നഗരസഭയിലെ നിരവധി റോഡുകൾ തകർന്നു കിടക്കുന്നതിനാൽ കാൽനട യാത്ര പോലും സാധ്യമല്ലാതെ വന്നതോടെയാണ് യുഡിഎഫ് പ്രതിഷേധം നടത്തിയത്. മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ ധർണയിൽ യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ കെ. മനീഷ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ഇ.പി. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ടി.വി. രവീന്ദ്രൻ, സുരേഷ് മാവില, എം.കെ. കുഞ്ഞിക്കണ്ണൻ, പി. വിജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.